"വേൾഡ്‌" മലയാളി 

(അങ്കണത്തൈമാവിൽ ... എന്ന മട്ട്)

ഉപ്പിലിട്ടതും കുറെ ഉപ്പേരി വറുത്തതും,
ഉടുതുണിയുമൊപ്പം തുകൽപ്പെട്ടിയിലാക്കി,

കുട്ടനാടുള്ളിൽ നിന്നും തിരിച്ചോരു കുട്ടപ്പൻ,
"കണക്ടിക്കട്ടി"ലെത്തി 'വേൾഡു' മലയാളിയായ്.

ഏറ്റുമാനൂരുകാരി ഏലിയാമ്മയുമൊരു
ഏജന്റുവഴി ചെന്നതതിനടുത്തു തന്നെ.

ദൈവത്തിൻ സ്വന്തം നാട്ടിൽ കിടന്നാൽ കഞ്ഞിക്കുള്ള
വഴി ദുർഘടമെന്നു കണ്ടറിഞ്ഞു പോയവർ.

പലപ്പോൾ ''മാളിൽ"വെച്ചു തമ്മിൽ കണ്ടിഷ്ടപ്പെട്ടു
ഒന്നിച്ചു നാട്ടിൽപ്പോയി പള്ളിക്കൽ താലീം കെട്ടി.

''ഫോറിൻ ഫാമിലി''യായി തിരിച്ചുപോയി പിന്നെ
"ഫോർഡി"ന്റെ വലിയൊരു ''കണ്ട്രിവാനും'' വാങ്ങിച്ചു.

അഷ്ടിക്കു വകയായി കഷ്ടപ്പാടൊക്കെ മാറി
മൃഷ്ടാന്ന ഭോജനവും കാശുമിഷ്ടംപോലെയായ്!

"കൊച്ചുകണ്ടത്തിൽ" വീട്ടിൽ കുട്ടപ്പനന്നാൾ മുതൽ
കൊച്ചുന്നാളിലിട്ട പേർ "കോംപ്ലിക്കേഷനായ്" തോന്നി.

ഐക്കനാടൻമാർക്കത്ര "ഡിഫറന്സ്സു" തോന്നാത്ത
''സിംപ്ളിഫൈ" ചെയ്തോരു"നെയിം" വേണമെന്നൊരു തോന്നൽ!

ഏലിയാമ്മയോടതു സൂചിപ്പിച്ചപ്പോളവൾ-
"അച്ചായാ ഞാനുമത് ഓർക്കാഞ്ഞിട്ടല്ല കേട്ടോ,

പത്തുകൊല്ലത്തിനുള്ളിൽ "സിറ്റിസൻസ്" ആകുന്പോഴീ-
കുട്ടനാട്ടിലിട്ട പേരാർക്കുവേണമച്ചായാ?

കൊച്ചുങ്ങളുണ്ടായെന്നാൽ അവർക്കും സ്റ്റൈലായിട്ടീ-
"സ്റെയിറ്റ്സിൽ"ക്കഴിയുവാനീ പേരുമാറ്റിയേ പറ്റൂ.

"മോഡേണാ"യിട്ടുതന്നെ "മോഡിഫൈ" ചെയ്തെടുക്കാം
"മീനിങ്ങു" കളയാതെ "ട്രാൻസലേറ്റ്" ആക്കാൻ നോക്കാം.

ചെന്പുകണ്ടം ദാവീദു "ഡേവിഡ് കോപ്പർഫീൽഡ്" എങ്കിൽ,
ജോർജുബുഷ്‌ "ഈസ് ഈക്ക്വൽറ്റു" കുറ്റിക്കാട്ടു വറീത്.

"ലോജിക്കായ്‌" ചിന്തിച്ചെന്നാൽ "കൊച്ചുകണ്ട" മച്ചായൻ
"ലിറ്റിൽ ഫീൽഡ്" എന്നാക്കിയാൽ കുറ്റംവരാനില്ലൊന്നും.

"കുട്ടപ്പ"ന്റകത്തുന്നും അപ്പനെ മാറ്റിയിട്ടു
"സിംപിൾ" ഒരെ"സും"ചേർത്തു "കുട്ടൻസ്‌" എന്നാക്കാം കുട്ടാ.

കുട്ടനതിഷ്ടപ്പെടും, ഇവിടെ കൂട്ടുകാർക്കും
"ഈസിയായ്" "പ്രൊനൗൻസ്" ചെയ്യാം, കേൾക്കാനും സ്റ്റൈലുണ്ട്.

"മിസ്റർ ആൻറ് മിസിസ് ലിറ്റിൽ ഫീൽഡ്" എ"ന്നൊഫീഷ്യ"ലായാൽ
"സ്റെയ്റ്റ്സിലെ" "ലൈഫി"നതൊ"രസറ്റാ"ണത്രതന്നെ.

നാട്ടിൽ പോകുന്പോഴിനി ഗസറ്റിൽ "പബ്ലീഷ്" ചെയ്‌താൽ
തിരിയെപ്പോരും മുൻപേ പാസ്പോർട്ടും "ചെയ്ഞ്ചാ"ക്കാം .

എല്ലാംകൂടേറിവന്നാൽ "ഫൈവ് ഹൺട്രെഡ്‌" "ഡോളെഴ്"സ്സാകും,
ഇക്കാര്യത്തിനിനിയും കണക്കു നോക്കാനില്ല.

"നെക്സ് റ്റീയർ" "ഹോളി ഡേയ്സ്സിൽ" ഇക്കാര്യം നടത്തണം
നീട്ടിവെച്ചാലച്ചായാ കാര്യം നടക്കത്തില്ല".

അങ്ങനെ നാട്ടിൽ ചെന്നു കൊച്ചുകണ്ടം കുട്ടപ്പൻ
"ലിറ്റിൽഫീഡ് കുട്ടൻസ്‌" ആയി ഗസറ്റിൽ പബ്ലീഷ് ചെയ്തു.

"ലീഗൽ പ്രൊസീജിയെർസ്" "കറക്ടായ്" "ഫോളോ" ചെയ്തു
പേരുമാറ്റിപ്പുതിയ പാസ്പ്പോർട്ടും കയ്യിൽ വന്നു,

തിരിച്ചു പോരുന്പോഴാ "എമിഗ്രേഷൻ സെക്ഷനിൽ
പാസ്‌പോർട്ടു "കണ്ട്രോൾ" ചെയ്ത പോത്തുപോലുള്ളോരേമാൻ,

പാസ്പോർട്ടു "സ്കാൻ" ചെയ്തതു കുട്ടപ്പനു കൊടുത്തി-
ട്ടായുസ്സിലാദ്യമായിട്ടൊന്നു പുഞ്ചിരിച്ചു പോൽ!

"വാട്സ് റോങ്ങ് ദേർ" എന്ന ഭാവത്തിൽ കുട്ടപ്പനും
തിരിച്ചു പുഞ്ചിരിച്ചു മെല്ലെ "ഗെയ്റ്റി"ലേക്കു പോയ്‌.

മലയാള ഭാഷയ്കു നിഘണ്ടുവുണ്ടാക്കിയ
"ഗുണ്ടർട്ടി"ന്നാത്മാവതു കണ്ടിട്ടു കരഞ്ഞു പോയ്‌...


up
0
dowm

രചിച്ചത്:Thomas Muttathukunnel
തീയതി:20-02-2016 04:54:47 AM
Added by :Thomas Muttathukunnel
വീക്ഷണം:346
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :