ഗുരുവും ശിഷ്യനും
മനസ്സുനിറഞ്ഞൊരു ശിഷ്യനുണ്ടായാൽ
മതി,
ഗുരുവിനു ജീവസാഫല്യം.
ഗുരുവല്ല, ഞാൻ
വെറുമൊരു ലഘുവാം മനുജൻ മാത്രം.
എന്റെ ഓർമ്മകൾ നിറയും നിൻ
മനസ്സാണെന്നെനിക്കു ഗുരുദക്ഷിണ.
സ്വാർത്ഥനാം ദ്രോണരല്ലെന്നു
ഞാൻ ചൊല്ലട്ടെ
മാനസ ശിഷ്യന്റെ വിരൽമുറിച്ചീടുവാൻ.
ഞാനെങ്കിൽ കൈത്തടം
മാറോടണച്ചിട്ടു, ചുംബിച്ചു,
വാരിപുണർന്നിട്ടു പ്രഥമനാക്കീടും.
ഓടിക്കിതച്ചു തളർന്നു നീ
എത്തുമ്പോൾ
അറിവിൻ്റെ വീഥിയിൽ
ഞാനൊരു നിഴലായ്, കുളിരായി,
മരമായി മാറിടാം.
ഒരുനാൾ, ഞാനെൻറെ ചിതയിൽ,
എരിഞ്ഞടങ്ങുമ്പോൾ
എൻറെ “‘അറിവിൻ്റെ” തിരിനാളം
അണയാതെ പലർക്കായി
പകർന്നു നല്കീടണം.
ഞാൻ പഠിപ്പിച്ച പാഠം
ഒന്നുനീ ഓർക്കേണം
”കൂട്ടുന്നതൊന്നുമേ കൊണ്ടുപോകുന്നില്ലെടോ
പോകുന്ന നേരത്തു ശേഷിയ്ക്കുന്നതെന്തെന്നാൽ
ജീവിതയാത്രയിൽ നാം ചെയ്ത പുണ്യവും”
Not connected : |